National Vision News
 

കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

National Vision News 01:52 PM Local News

കോഴിക്കോട് : കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയ, ഇവര്‍ക്ക് സയനൈഡ് എത്തിച്ച് നല്‍കിയ മാത്യു എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പലയിടങ്ങളിലായി കൊണ്ട് പോയി പോലീസ് തെളിവെടുപ്പ് നടത്തി. ജോളിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വടകരയിലെ റൂറല്‍ എസ് പി ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം ആറ് കൊലപാതകങ്ങള്‍ക്ക് ശേഷം റോയിയുടെ സഹോദരി റെന്‍ജിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പദ്ധതി വിജയിച്ചില്ലെന്നും ജോളി പോലീസിനോട് പറഞ്ഞു. ആറ് പേരെയും കൊലപ്പെടുത്തിയത് താന്‍ ആണെന്നും, ഷാജു സ്‌കറിയയ്ക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ജോളി ആവര്‍ത്തിച്ച് പറയുന്നതെന്ന് പോലീസ് പറഞ്ഞു.

കൂടത്തായിയിലെ വീട്ടില്‍ നിന്നുമാണ് ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം വിശദമായ അന്വേഷണം നടന്നിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം കല്ലറകള്‍ തുറന്ന് പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു. ഇതിന് പിന്നാലെയാണ് ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Recent Post

National Vision News