National Vision News
 

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഐഎസിൽ ചേർന്നത് കേരളത്തിൽ നിന്ന് ; ഇതുവരെ ചേർന്നവരുടെ എണ്ണം 98 ; 38 പേർ കൊല്ലപ്പെട്ടു ; പത്ത് ദിവസം മുൻപ് കൊല്ലപ്പെട്ടവരിൽ എടപ്പാൾ സ്വദേശിയും

National Vision News 07:22 PM World News

തിരുവനന്തപുരം : ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളി ഭീകരൻ അഫ്ഗാനിസ്ഥാനിൽ യു‌എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹസിനാണ് കൊല്ലപ്പെട്ടത്. പാക് ഭീകരനും ഐഎസ് കമാൻഡറുമായ ഹുസൈഫ അൽ ബാകിസ്ഥാനിക്കൊപ്പമാണ് ഇയാൾ കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനിൽ നിന്നും മുഹസിന്റെ കുടുംബത്തിന് വാട്സാപ്പിൽ സന്ദേശം ലഭിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സഹോദരൻ രക്തസാക്ഷിയായിരിക്കുന്നു. അള്ളാഹു അവന്റെ ആഗ്രഹം നിറവേറ്റിയിരിക്കുന്നു. പത്തുദിവസം മുൻപ് അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ അവൻ രക്തസാക്ഷിയായിരിക്കുന്നു. എന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്.ദയവായി ഇത് പൊലീസിനെ അറിയിക്കരുതെന്നും പൊലീസ് വീട്ടുകാരെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു. സഹോദരൻ അത് ആഗ്രഹിക്കുന്നില്ലെന്നും സന്ദേശത്തിലുണ്ട്.

കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഐഎസിന്റെ റിക്രൂട്ട്മെന്റ് ചുമതല നോക്കിയിരുന്ന റാഷിദ് അബ്ദുള്ള കഴിഞ്ഞ മാസം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതുവരെ കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയവരുടെ എണ്ണം 98 ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 38 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം കണ്ണൂർ ജില്ലയിൽ നിന്നാണ് ‌ഏറ്റവും കൂടുതൽ പേർ ഐഎസിൽ ചേർന്നത്. നാൽപ്പതോളം പേർ. കാസർഗോഡ്, കോഴിക്കോട് , മലപ്പുറം, പാലക്കാട് , തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്നും ആളുകൾ ഐഎസിൽ ചേർന്നിട്ടുണ്ട്.സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്ന് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായാണ് കൂടുതൽ പേരും ഭീകര സംഘടനയിൽ ചേർന്നത്.

ഐഎസ് അനുകൂല മലയാളി ഗ്രൂപ്പുകളും പ്രൊഫൈലുകളും പ്രവർത്തിക്കുന്നത് ഗൾഫ് മേഖലയിൽ നിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയമാദ്ധ്യമമായ എ.എൻ.ഐ ആണ് വാർത്ത പുറത്തുവിട്ടത്. കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരിൽ നിരവധി പേർ പോപ്പുലർ ഫ്രണ്ടിൽ നിന്നാണെന്നും തെളിഞ്ഞിരുന്നു.

Recent Post

National Vision News