National Vision News
 

കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത വർദ്ധിപ്പിക്കുന്നു

National Vision News 12:29 PM Local News

കോയമ്പത്തൂര്‍: കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനറിപ്പോര്‍ട്ടുകള്‍. മൂന്നുമുതല്‍ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-ലെ പ്രളയത്തിനുശേഷം തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയിലെ പ്രൊഫ.രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് കണ്ടെത്തിയിരിക്കുന്നത്.

കേരളത്തില്‍ 43ല്‍ അധികം അണക്കെട്ടുകളും ജലസംഭരണികളുമാണുള്ളത്. ഇവയില്‍ പലതും പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടമേഖലയിലാണ് സ്ഥിതി ചെയ്യുന്നത് . ഇടുക്കി, മുല്ലപ്പെരിയാര്‍, മലമ്പുഴ, പെരിങ്ങല്‍ക്കുത്ത്, പറമ്പിക്കുളം, ഇടമലയാര്‍, മംഗലം, ശിരുവാണി, പോത്തുണ്ടി തുടങ്ങി 21 അണക്കെട്ടുകളിലെ ജലനിരപ്പില്‍ അതീവ ശ്രദ്ധവേണമെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തിലെ പലയിടത്തും ഭൂമിയില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. അതുകൊണ്ടുതന്നെ അണക്കെട്ടുകളുടെ ജലശക്തിയെ സംബന്ധിച്ചു പഠനങ്ങള്‍ നടത്തണമെന്നും ജലനിരപ്പ് ക്രമീകരിച്ച് അണക്കെട്ട് പരിപാലന നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തിലെ പാറകള്‍ ദുര്‍ബലമായതും സ്ഥിതി ഗുരുതരമാക്കുന്നു.

വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മര്‍ദ്ദമാണ് ഭൂചലന സാധ്യത (ആര്‍ ഐ എസ്) കൂട്ടുന്നത്. ഇത്തരത്തിലുള്ള മര്‍ദ്ദമാണ് 1967-ല്‍ മഹാരാഷ്ട്രയിലെ കൊയ്‌ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത്. പശ്ചിമഘട്ടത്തിലെ സാഹചര്യങ്ങളും സമാന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ഇത് അതിഗുരുതരമാണെന്നും പഠനത്തില്‍ കണ്ടെത്തിയതായി ഡോ. രാമസ്വാമി പറഞ്ഞു.

ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടില്‍ റഡാര്‍ ടോപ്പോഗ്രാഫി മിഷന്‍ വഴിയുമുള്ള വിവരങ്ങള്‍ കൂടി വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2019ലെ പ്രളയശേഷമുള്ള സാഹചര്യവും ഇനി പഠിക്കുമെന്ന് ഡോ രാമസ്വാമി പറഞ്ഞു. അളഗപ്പ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി.

Recent Post


Related News


National Vision News