National Vision News
 

നിലമ്പൂരിൽ ആനക്കൊമ്പുമായി നാലുപേർ അറസ്റ്റിൽ.

National Vision News 11:19 AM Local News


പെരിന്തൽമണ്ണ:  ലക്ഷങ്ങൾ വില മതിക്കുന്ന ആനക്കൊമ്പുകളുമായി നാലുപേർ വനം വിജിലൻസിന്റെ പിടിയിൽ. കൊമ്പുകൾ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. കരുവാരക്കുണ്ട് കുട്ടത്തി തൊട്ടിക്കുളവൻ നിതിൻഷാ (23), പത്തനംതിട്ട കലഞ്ഞൂർ ഷാജി ഭവനത്തിൽ ഷാനു (28), കൊല്ലം ശൂരനാട് ആനയടി ബ്രഹ്മാലയത്തിൽ സുമേഷ് (28), മലപ്പുറം പാലോളിപറമ്പ് ആനങ്ങാട് ചിനക്കാട്ടിൽ വീട്ടിൽ മുഹമ്മദ് സാഹിം (21) എന്നിവരെയാണ് നിലമ്പൂർ വനം വിജിലൻസ് വിഭാഗം റെയ്ഞ്ച് ഓഫീസർ എം. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ആനക്കൊമ്പ് വാങ്ങാനെത്തിയ ഏതാനും പേർ സ്ഥലത്തു നിന്ന് ഒരു കാറിൽ രക്ഷപ്പെട്ടു. തിരുവനന്തപുരം വനം ഇന്റലിജൻസ് എ.സി.എഫ്. ഐ.എസ്. സുരേഷ് ബാബു, കോഴിക്കോട് വനം വിജിലൻസ് ഡി.എഫ്.ഒ. പി. ധനേഷ് കുമാർ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെരിന്തൽമണ്ണയിലെ ഒരു വസ്ത്രാലയത്തിൽ വെച്ച് ആനക്കൊമ്പുകൾ വില്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതികളെ ഷോപ്പ് വളഞ്ഞ് പിടികൂടിയത്. സുമേഷും ഷാനുവുമാണ് ആനക്കൊമ്പ് വാങ്ങാനെത്തിയവർക്ക് നിതിൻഷായുടെ നമ്പർ നൽകിയത്. മൊബൈലിൽ ഓഡിയോ കോൺഫറൻസ് വഴി പരസ്പരം സംസാരിക്കുകയും ചെയ്തതായി ഷാനുവും സുമേഷും പറഞ്ഞു.
രണ്ട് ആന കൊമ്പുകൾക്കും കൂടി 10.470 കിലോഗ്രാം തൂക്കം ഉണ്ട്. ഇതിൽ ഒന്നിന് 5.490 കിലോഗ്രാമും രണ്ടാമത്തേതിന് 4.980 കിലോഗ്രാമുമാണ് തൂക്കം. മുഹമ്മദ് സാഹിം പെരിന്തൽമണ്ണയിലെ റെഡിമെയ്ഡ് ഷോപ്പ് ഉടമയാണ്. ഷാനുവും സുമേഷും പ്രവാസികളാണ്. നിതിൻഷാക്ക് കരുവാരക്കുണ്ടിലെ വനമേഖലയിൽ നിന്നുമാണ് ആനക്കൊമ്പുകൾ ലഭിച്ചതെന്നാണ് ഇയാൾ വനം വകുപ്പിന് നൽകിയ മൊഴി. നിതിൻഷാ സഹപാഠിയാണെന്നും എന്നാൽ കച്ചവടത്തിന് ആന കൊമ്പുകളുമായാണ് വരുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നില്ലെന്നും മുഹമ്മദ് സാഹിം പറഞ്ഞു. പ്രതികളെയും ആനക്കൊമ്പുകളും കാറും അന്വേഷണോദ്യോഗസ്ഥനായ കാളികാവ് റെയ്ഞ്ച് ഓഫീസർക്ക് കൈമാറുമെന്ന് വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ എം. രമേശ്കുമാർ പറഞ്ഞു. റെയ്ഞ്ച് ഓഫീസർക്ക് പുറമെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ബി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി. ബിജിൻ, എ.എൻ. രതീഷ്, എം. അനൂപ് കുമാർ, വി.എസ്. അച്യുതൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Recent Post


Related News


National Vision News