National Vision News
 

ഉപയോഗ ശൂന്യമായി കിടക്കുന്ന പാറമടകൾ ജലസംഭരണികളാക്കുന്ന പദ്ധതിയുമായി ഹരിത കേരളം മിഷൻ.

National Vision News 03:51 PM Local News


മലപ്പുറം: ജില്ലയിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പാറമടകൾ ഇനി മാലിന്യംതള്ളാനുള്ള സ്ഥലങ്ങളാവില്ല. അവയെ ജലസ്രോതസ്സുകളാക്കാൻ പദ്ധതിയുമായി ഹരിതകേരളം മിഷൻ. ആദ്യഘട്ടമായി ജില്ലയിൽ നാലു പാറമടകൾ കണ്ടെത്തി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റവന്യു വകുപ്പാണ് പാറമടകൾ നിർദേശിക്കുക. തുടർന്ന് ജലസേചന വകുപ്പും ജിയോളജി വകുപ്പും ചേർന്ന് ബലവും മറ്റു കാര്യങ്ങളും പരിശോധിക്കും. അതിനു ശേഷമാണ് സംഭരണി സ്ഥാപിക്കുക. തൊഴിലുറപ്പു പദ്ധതിയുടെ സഹായവും ഉൾപ്പെടുത്തിയാണ് പ്രവർത്തനം. പൂക്കോട്ടൂർ മൈലാടിയിൽ ജില്ലയിലെ ആദ്യ ജലസ്രോതസ്സ് ഒരുങ്ങിക്കഴിഞ്ഞു. ഇതിന് അഞ്ചു കോടി ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. കുടി വെള്ളത്തിനും ജലസേചനത്തിനും ഉപയോഗിക്കാം. കുടിവെള്ള വിതരണത്തിനായി ശുദ്ധീകരണ ശാലയും സംഭരണിയിൽ സ്ഥാപിച്ചു. ശുചീകരിക്കുന്ന വെള്ളം കിയോസ്കുകൾ വഴിയും ടാങ്കറുകളിലും വിതരണം ചെയ്യുന്നുണ്ട്. മലപ്പുറം ബ്ലോക്ക് പഞ്ചായത്തും പൂക്കോട്ടൂർ ഗ്രാമപ്പഞ്ചായത്തും നടത്തിയ പ്രവർത്തനങ്ങളുടെ കൂടി ഫലമാണ്‌ ഈ ജലസംഭരണി. ഇതിനു പുറമെ കുറ്റിപ്പുറം ചേളൂർ, മൊറയൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ഉടൻ സംഭരണികൾ തുടങ്ങും. ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ പാറമടകൾ പദ്ധതിയിൽ ഉൾപ്പെടുത്തും. വേനലിൽ ജലദൗർലഭ്യത തടയാനും ഉപയോഗശൂന്യമായിക്കിടക്കുന്ന ജലസ്രോതസ്സുകൾ കഴിവതും ഉപയോഗപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഹരിതകേരള മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ പി. രാജു പറഞ്ഞു. സംഭരണികളുടെ അറ്റകുറ്റപ്പണികളും വെള്ളത്തിന്റെ വിതരണവും മറ്റും നിയന്ത്രിക്കാൻ പ്രാദേശികതല സമിതികളെ നിയോഗിക്കും. ജല സംരക്ഷണത്തിന്റെ ഭാഗമായി ജില്ലയിൽ 528 കുളങ്ങൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.

Recent Post


Related News


National Vision News