National Vision News
 

ലോക പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

National Vision News 01:54 AM National News

ന്യൂഡല്‍ഹി: ലോക പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലില്‍ ഓഗസ്റ്റ് 12 ന് രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് മോദി പങ്കെടുക്കുന്നത്. പരിപാടിയുടെ അവതാരകന്‍ ബിയര്‍ ഗ്രില്‍സാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പരിപാടിയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

മൃഗ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കാടുകളിലേക്ക് പ്രധാനമന്ത്രി നടത്തുന്ന യാത്ര 180 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയുടെ അറിയപ്പെടാത്തവശം മനസിലാക്കാന്‍ സഹായിക്കുമെന്ന് ഗ്രില്‍സ് ട്വിറ്ററില്‍ കുറിച്ചു. ഗ്രില്‍സിനൊപ്പം ചുറുചുറുക്കോടെ സഞ്ചരിക്കുന്ന നരേന്ദ്ര മോദിയെയാണ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഗ്രില്‍സിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന മോദിക്ക് ഗ്രില്‍സ് ജാക്കറ്റ് നല്‍കുന്ന കാഴ്ചയുമുണ്ട്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത്.

‘കാടുകളിലും മലനിരകളിലും അനേകം കാലം ജീവിച്ചതാണ് എന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായത്. രാഷ്ട്രീയത്തിന് പുറത്തുള്ള ജീവിതവും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ ഇത്തരം പരിപാടികള്‍ ഞാന്‍ ഏറെ ആസ്വദിക്കുകയും അവയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പൈതൃകം ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ പരിപാടിയിലൂടെ സാധിക്കും. ഒരിക്കല്‍ കൂടി വനത്തില്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത മറ്റൊരു അനുഭവമാണ്”. മോദി പറഞ്ഞു.

ഇന്ത്യയിലെ വനത്തിലേക്ക് നരേന്ദ്ര മോദിയോടൊപ്പം യാത്ര ചെയ്തതിലൂടെ താന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹത്തെപ്പോലെ ഒരു ലോകനേതാവിനൊപ്പം സമയം ചെലവിട്ടതിലൂടെ താനും ആദരിക്കപ്പെട്ടുവെന്നും പറഞ്ഞ ഗ്രില്‍സ് ഇന്ത്യാ മഹാരാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെ അടുത്തറിയുന്നതിനായി താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സര്‍വൈവല്‍ ഷോയാണ് മാന്‍ വേഴ്‌സസ് വൈല്‍ഡ്. 2006ലാണ് പരിപാടി ആദ്യമായി സംപ്രേഷണം ചെയ്തത്. പ്രകൃതിയിലേക്ക് ഒരു മനുഷ്യന്‍ നടത്തുന്ന യാത്രയാണ് പരിപാടിയുടെ മുഖ്യ ആശയം. ആ യാത്രക്കിടെ നേരിടുന്ന പ്രതിസന്ധികളും അതേ സമയം കാടിന്റെ മനോഹാരിതയും ഒരു പോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരിപാടിക്ക് ലോകമെമ്പാടും നിരവധി ആരാധാകരാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രത്യേക എപ്പിസോഡ് ഡിസ്‌കവറിയുടെ 12 വ്യത്യസ്ത ചാനലുകളില്‍ ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് സംപ്രേഷണം ചെയ്യുന്നത്.


Recent Post


Related News


National Vision News