National Vision News
 

മേക്കപ്പ് മാൻ ബിനീഷ് ഭാസ്ക്കറിന്റെ വിയോഗത്തിൽ ഒരു ഓർമ്മക്കുറിപ്പ് ; സംവിധായകൻ ദേവ്. ജി. ദേവൻ

National Vision News 07:58 PM Film News

വേദന പൂർവ്വം'

പ്രിയ സുഹൃത്തായ പ്രശസ്ത സിനിമാ മേക്കപ്പ് മാൻ ബിനീഷ് ഭാസ്ക്കർ മരണപ്പെട്ടു എന്ന വാർത്ത ഒരു പാട് ഹൃദയവേദനയുണ്ടാക്കി. നല്ല സൗഹൃദത്തിലായിരുന്നു ബിനീഷുമായി. നിരവധി സിനിമകൾക്ക് പിന്നിൽ മേക്കപ്പ് കലയിൽ ശോഭിച്ച ബിനീഷ് പ്രശസ്ത സീനിയർ മേക്കപ്പ് മാനായ ശ്രീ പട്ടണം ഷാ ഇക്കയിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശനം കുറിക്കുന്നത്.   ബിനീഷ് ഭാസ്ക്കർ വിട പറഞ്ഞത് നൊമ്പരമായി മാറിയ ഈ വേളയിൽ ബിനീഷുമായുള്ള സൗഹൃദത്തിന്റെ ഒരു ഓർമ്മക്കുറിപ്പ് പങ്കുവക്കട്ടെ.. 
1993 മുതലുള്ള കാലഘട്ടം. ഞാൻ കുറച്ച് ടെലിഫിലിമുകളും മറ്റും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും എങ്ങനേയും സിനിമയിലെത്തുവാൻ നെട്ടോട്ടമോടി ശ്രമിക്കുകയും ചെയ്യുന്ന സമയം. 1997 ഓഗസ്റ്റിൽ സുഹൃത്തായ അനിയനുണ്ണി പെരുമ്പാവൂരിലെ സലിം ഖൈന [ഇദ്ധേഹം ഇന്നില്ല] സംവിധാനം ചെയ്യുന്ന 'സ്പൈഡർമാൻ' എന്ന ടെലിഫിലിമിൽ അസിസ്റ്റൻഡ് ഡയറക്ടറായി പ്രവർത്തിക്കുന്ന വിവരം അറിഞ് ഒരു ബൈക്കുമെടുത്ത് കടം വാങ്ങി പെട്രോളുമടിച്ച് വടവുകോടി ലെ ലൊക്കേഷനിലേക്കെത്തി.  അവിടെ എത്തിയപ്പോൾ എന്റെ കയ്യിലെ ബൈക്ക് കണ്ട് അനിയനുണ്ണി ഒരു  ദൗത്യം  എന്നെ ഏൽപിച്ചു. ഇവിടെ മേക്കപ്പ് മാൻ പട്ടണം ഷാ ഇക്കയാണെന്നും, അദ്ധേഹത്തിന്റെ  സഹായി വന്നില്ലെന്നും, മറ്റൊരാൾ എത്തുന്നതിന് മുമ്പ് വളരെ പെട്ടന്ന് കരിമുകളിൽ ഉള്ള ഹാൻഡ്സം ഹെയർ കട്ടിങ് സലൂണിൽ ചെല്ലണമെന്നും, അവിടെ ബിനീഷ് ഭാസ്കർ എന്ന ഒരുത്തൻ കാണുമെന്നും അവനോട് എത്രയും പെട്ടന്ന് ഇങ്ങോട്ട് എത്താൻ പറയണമെന്നും അനിയനുണ്ണി പറഞ്ഞത് പ്രകാരം ഞാൻ ഉടനെ തന്നെ അവിടെ നിന്നും തിരിച്ച്  കരിമുകളിൽ ഹാൻഡ് സം സലൂണിൽ എത്തി. അവിടെ ഒരു പയ്യൻ മറ്റൊരാളെ ഷേവിങ് ചെയ്യുന്നുണ്ടായിരുന്നു. ഞാനയാളോട് 'ബിനീഷ് ഭാസ്കർ ആരാണെന്ന് ചോദിച്ചപ്പോൾ ,താൻ തന്നെയാണ് ബിനീഷ് എന്ന് അയാൾ മറുപടി പറഞ് എന്താണ് കാര്യമെന്ന് ആരാഞ്ഞു. എത്രയും പെട്ടന്ന് വടവുകോട് എത്തണമെന്നും ഇല്ലങ്കിൽ മറ്റാരെങ്കിലുമെത്തിയാൽ അവസരം നഷ്ടപ്പെടുമെന്നും ഞാനറിയിച്ചപ്പോൾ, അത് കേട്ടപാതി കേൾക്കാത്ത പാതി വളരെ ആവേശത്തോടെ പരിസരം മറന്ന്, ഷേവ് ചെയ്തയാളെ പകുതിക്കിട്ട് അവിടെ നിന്നും ഇറങ്ങി ഒറ്റപ്പോക്ക്. അന്തം വിട്ട് നിന്നു ഞാനും പകുതി ഷേവിങിൽ ഇരുന്നയാളും. സാധാരണ സിനിമയിലാണ് ഷേവിങ് പകുതിക്ക് നിർത്തുന്നത് കാണുന്നത്. പെട്ടന്ന് തന്നെ ബിനീഷ് ലൊക്കേഷനിലെത്തി പട്ടണം ഷാ ഇക്കയോടൊപ്പം മേക്കപ്പ് സഹായിയായി ചേർന്നു. പിന്നീട് ബിനീഷിന്റെ വളർച്ചയുടെ നാളുകളായിരുന്നു. ഞാനും വൈകാതെ സിനിമയിൽ സഹസംവിധായകനായി എത്തി. തിരക്കുകൾക്കിടയിൽ 23 വർഷം ഞാൻ ബിനീഷിനെ തമ്മിൽ  കണ്ടിട്ടില്ല. പക്ഷേ ബിനീഷ് ഭാസ്കർ  മേക്കപ്പ് മാൻ ആയി എന്ന വിവരങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. ഒപ്പം ബിനീഷ് ഭാസ്കർ ഫെഫ്ക മേക്കപ്പ് മാൻ യൂണിയന്റെ ജനറൽ സെക്രട്ടറി ആയതും അറിഞു. 

2015 ൽ 'വണ്ടർ ഫുൾ ജേണി' എന്ന ചിത്രത്തിൽ ഞാൻ സഹസംവിധായകനായി പ്രവർത്തിക്കുമ്പോൾ വൈറ്റില ശ്വാസ് റെസിഡൻസിയിൽ നിന്നും രാവിലെ ഷൂട്ടിങ് ന് പോകുവാൻ വണ്ടി വരുവാൻ കാത്തു നിൽക്കുന്ന സമയം. അവിടെ മറ്റൊരു സിനിമയുടെ മേക്കപ്പ് മാനായ ബിനീഷും അവരുടെ വണ്ടി വരാൻ കാത്തു നിൽക്കുമ്പോഴാണ് ഞാൻ രണ്ടാമതായി ബിനീഷിനെ 23 വർഷത്തിന് ശേഷം കാണുന്നത്. ഞാൻ ബിനീഷി നോട് എന്നെ ഓർമ്മയുണ്ടോ എന്ന് അപ്പോൾ ചോദിച്ചു. ഒരു മിനിറ്റ് മാത്രം കണ്ട എന്റെ മുഖം ബിനീഷ് ന് ഓർമയിൽ എത്തിയില്ല. മാത്രമല്ല ഞാൻ സഹസംവിധായകനായി പ്രവർത്തിക്കുന്നയാളാണെന്നോ മറ്റോ ഉള്ള അറിവും ബിനീഷിന് ഇല്ലായിരുന്നു. ഒന്ന് പരിചയപ്പെടുന്നതിന് മുമ്പേ ഓടിപ്പോയല്ലോ അന്ന്. ഞാൻ പഴയ കാര്യങ്ങൾ ബിനീഷിനെ ഓർമ്മിപ്പിച്ചപ്പോൾ സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചു. മരിക്കുന്നതിന് മുമ്പ്  എന്നെങ്കിലും ഒരിക്കലെങ്കിലും ഒന്ന് കാണണമെന്ന് ആഗ്രഹിച്ച ആളാണ് ഞാനെന്നും, തന്റെ പല ഇന്റർ വ്യൂകൾ നടന്നപ്പോഴും സിനിമയിലേക്ക് വന്ന വഴിയെ പറ്റിയുള്ളു ചോദ്യത്തിന് ,അന്ന് പട്ടണം ഷാ ഇക്കയുടെ അടുത്ത് എത്രയും പെട്ടന്ന് എത്തുവാൻ ഒരു ദൈവ ദൂതനെപ്പോലെ  എന്നോട് വന്ന് പറഞ്ഞ അദൃശ്യനായ ആ വ്യക്തി ആരാണെന്നോ, എവിടെയാണെന്നോ, എന്താണെന്നോ തനിക്ക് അറിയില്ലെന്നും, ഒരിക്കലെങ്കിലും കാണണമെന്നും മറ്റും എന്നെ പറ്റി ഇന്റർവ്യൂവിൽ പോലും പറഞ്ഞു എന്നും, നേരിൽ കാണാൻ സാധിച്ചല്ലോ എന്നും, മാത്രമല്ല സിനിമയിൽ തന്നെ ഉള്ള ആളാണന്നറിഞതിൽ ഏറെ സന്തോഷമെന്നും ബിനീഷ് ഭാസ്കർ പറഞ്ഞു. 
പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടർന്നു. തൃപ്പൂണിത്തുറയിൽ വരുമ്പോൾ എന്റെ വീട്ടിൽ വരും.
ഇടക്ക് ബിനീഷ് രോഗബാധിതനായ വിവരം എല്ലാ സുഹൃത്തുക്കളേയും പോലെ എന്നെയും വേദനിപ്പിച്ചു. കാര്യമായൊന്നും ബിനീഷിനെ സഹായിക്കാൻ പറ്റാത്ത അവസ്ഥയുമായിരുന്നു എനിക്ക്. പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്ന ബിനീഷിനെ തൃപ്പൂണിത്തുറയിൽ വച്ച് കുടുമ്പ സമേതം കണ്ടിരുന്നു. ഇപ്പോൾ ബിനീഷിന്റെ മരണവാർത്ത ഒരു പാട് വേദന നൽകുന്നു. മരണ വാർത്തയറിഞ്ഞ് പട്ടണം ഷാ ഇക്കയെ വിളിച്ച് എന്റെ ഈ അനുഭവം പങ്കു വച്ചു. ബിനീഷ് തന്നോടൊപ്പം ചേർന്നത് ഇന്നലെ കഴിഞ സംഭവം  പോലെ അദ്ധേഹത്തിന് ഓർമ്മയുണ്ട്. എന്നാൽ ബിനീഷ് പട്ടണം ഷാ ഇക്കയുടെ ഒപ്പം ചേരുന്നതിന് ഒന്നര മണിക്കൂർ മുമ്പ് അരങ്ങേറിയ സിനിമാ തിരക്കഥ പോലെയുള്ള സൗഹൃദം നിറഞ ഈ സംഭവം ഷാ ഇക്കക്കും ഈ വിയോഗ  വേദനക്കിടയിൽ ഒരു വിസ്മയമായി. ഞാൻ ഗുരു തുല്യനായി തന്നെ കാണുന്ന മേക്കപ്പ് മാൻ പട്ടണം ഷാ ഇക്കയുടെ നിർദ്ധേശ പ്രകാരമാണ് ഈ ഓർമ്മക്കുറിപ്പ് പങ്കുവക്കുന്നത്.ദേവ്. ജി. ദേവൻ
സംവിധായകൻ / സഹസംവിധായകൻ.

Recent Post


Related News


National Vision News