National Vision News
 

പാൽ വില വർധിപ്പിക്കാൻ തയ്യാറെടുത്ത് മിൽമ.

National Vision News 01:57 PM Local News

തിരുവനന്തപുരം: പാൽ വില വർധിപ്പിക്കാൻ തയ്യാറെടുത്ത് മിൽമ. ലിറ്ററിന് നാല് രൂപയോളം വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. കാലിത്തീറ്റക്കും മറ്റും വില വർധിച്ചതിനാലാണ് പാൽ വില വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തതെന്ന് മിൽമ ചെയർമാൻ ബാലൻ മാസ്റ്റർ ജനം ടിവി യോട് പറഞ്ഞു.

കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെയും വില ഗണ്യമായി ഉയർന്നതാണ് പാലിന്റെ വില വർദ്ധിപ്പിക്കാൻ മിൽമയെ പ്രേരിപ്പിക്കുന്നതെന്നാണ് മിൽമ ബോർഡിന്റെ നിലപാട്. നിലവിലെ ചെലവും വരവും വെച്ചു നോക്കുമ്പോൾ ക്ഷീര കർഷകർക്ക് മുന്നോട്ടു പോകാനാകില്ലെന്ന് മിൽമ കണക്ക് കൂട്ടുന്നു. വില വർദ്ധിപ്പിക്കുകയോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ട് മിൽമ ഇതിനോടകം സർക്കാരിനെ സമീപിച്ചു.

വില വർദ്ധിപ്പിക്കുന്നതിനെപ്പറ്റി ശാസത്രീയമായി പഠിക്കാൻ മിൽമ പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു. ഈ സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ലിറ്ററിന് നാല് രൂപയോളം വർദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം മിൽമയുടെ പുതിയ നീക്കം സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാകും.

അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ പൊറുതിമുട്ടുന്ന മലയാളിക്ക് ഇരുട്ടടി നല്‍കിക്കൊണ്ടാണ് മില്‍മ ഫെഡറേഷന്‍ പാലിന്റെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. പ്രളയത്തിന് ശേഷം ആഭ്യന്തര ഉല്‍പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായത്. ഇത് ഓണക്കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ വര്‍ഷം പ്രതിദിനം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നു. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്റര്‍ പാല്‍ ആയി ഉയര്‍ന്നിട്ടുണ്ട്.

Recent Post

National Vision News