National Vision News
 

മൂന്ന് സേനാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

National Vision News 04:35 PM National News

ന്യൂഡൽഹി: സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന 27000 സൈനികരെ സേനയിൽ നിന്ന് ഒഴിവാക്കാൻ കരസേന ആലോചിക്കുന്നു. ഇങ്ങനെ അടുത്ത ആറ് വർഷത്തിനുള്ളിൽ ഒന്നരലക്ഷം അംഗങ്ങളെ സൈന്യത്തിൽ നിന്ന് കുറയ്ക്കാനുള്ള വലിയ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ശുപാർശ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. സൈന്യത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് അംഗസംഖ്യ കുറയ്ക്കുന്നത്.

സൈനിക ജോലികളിൽ നിന്ന് മാറി മറ്റ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും ജവാന്മാരെയുമാണ് ഒഴിവാക്കുന്നത്. ഇതിലൂടെ 1600 കോടി രൂപ ശമ്പള ഇനത്തിൽ ലാഭിക്കാനാകുമെന്നാണ് സൈന്യം കരുതുന്നത്. 12.5 ലക്ഷം അംഗങ്ങളാണ് കരസേനയ്ക്കുള്ളത്. ഇതിൽ 1.75 ലക്ഷം സൈനികരെ വിവിധ ഓർഗനൈസേഷനുകളിലായി വിന്യസിച്ചിരിക്കുകയാണ്.

മിലിട്ടറി എഞ്ചിനീയർ സർവീസ്, എൻസിസി, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, ടെറിട്ടോറിയൽ ആർമി, സൈനിക സ്കൂളുകൾ തുടങ്ങിയവയിലും പ്രതിരോധ സേനകളായ അസം റൈഫിൾസ്, രാഷ്ട്രീയ റൈഫിൾസ്, സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് തുടങ്ങിയവയിലുമായാണ് ഓഫീസർമാർ അടക്കം 1.75 ലക്ഷം സൈനികരെ നിയോഗിച്ചിരിക്കുന്നത്. ഇവരിൽ സ്ഥിരം സൈന്യത്തിന്റെ ഭാഗമാകാത്തവരെയാണ് ഒഴിവാക്കുന്നത്.

ഇതിനായുള്ള പഠനം നേരത്തെ ആർമി ഹെഡ്ക്വാർട്ടേഴ്സ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ നടന്നിരുന്നുവെന്നാണ് വിവരം. ഈ പഠനത്തിന് ശേഷമാണ് 27000 ആളുകളെ സൈന്യത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഒന്നരലക്ഷം ആളുകളെ ഒഴിവാക്കുമ്പോൾ പ്രതിവർഷം 6000 മുതൽ 7000 കോടിവരെ ചിലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആർമി ഹെഡ്ക്വാർട്ടേഴ്സിലെ അംഗസംഖ്യ കുറയ്ക്കാനുള്ള നീക്കം ഉടൻ നടപ്പിലാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഹെഡ്ക്വാർട്ടേഴ്സിലെ 229 ഓഫീസർമാരെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുക. മൂന്ന് സേനാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധ മന്ത്രാലയം. ഇങ്ങനെ ചെയ്യുമ്പോൾ സുരക്ഷാ പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിൽ ശക്തവും കാര്യക്ഷമവുമായ തിരിച്ചടിക്കും പ്രതിരോധത്തിനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

മൂന്ന് സേനാ വിഭാഗങ്ങളും ഓരോ സ്ഥലങ്ങളിലും ഒരു കമാൻഡിന് കീഴിലാകും. ഇന്ത്യ- ചൈന, ഇന്ത്യ- പാകിസ്താൻ അതിർത്തികളിൽ ഇത് സമീപകാലത്ത് തന്നെ നടപ്പിലാകും. യുദ്ധത്തെ നേരിടുന്ന സൈന്യത്തിന്റെ രീതിക്ക് തന്നെ ഇതോടെ മാറ്റമുണ്ടാകും.

Recent Post


Related News


National Vision News