National Vision News
 

കശ്മീർ ആഭ്യന്തര വിഷയമല്ല ; കോൺഗ്രസ് കക്ഷി നേതാവിന്റെ പരാമർശത്തിൽ വൻ പ്രതിഷേധം

National Vision News 05:24 PM National News

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ പ്രമേയം, ലോകസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിവാദ പരാമര്‍ശം കോണ്‍ഗ്രസ് നേതാക്കളെ തന്നെ കുഴപ്പിച്ചു. കശ്മീര്‍ ആഭ്യന്തര വിഷയമാണോയെന്ന ചോദ്യമായിരുന്നു വിവാദമായത്. 1948 മുതല്‍ യുഎന്‍ നിരീക്ഷണത്തിലുള്ള വിഷയമാണ് ജമ്മു കശ്മീരെന്നും അതിലെടുക്കുന്ന തിരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകുമെന്നും പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ച് എന്താണ് പരാമര്‍ശിക്കാത്തതെന്നും ചൗധരി ചോദിച്ചു.

എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ പറയുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ തിരിച്ചടിച്ചു. യുഎന്‍ ഇടപെടലാണോ കോണ്‍ഗ്രസ്സിന്റെ ആവശ്യമെന്നും അമിത് ഷാ ചോദിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മീര്‍ എന്നുപറയുമ്പോള്‍ അതില്‍ പാക്ക് അധിനിവേശ കശ്മീരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഷായുടെ ചോദ്യത്തിനു മുമ്പില്‍ അധീര്‍ രഞ്ജന്‍ ചൗധരി വെട്ടിലാവുകയായിരുന്നു. ചോദ്യത്തിന് ഉത്തരം മുട്ടിയതോടെ ലോകസഭയില്‍ അധീര്‍ രഞ്ജനെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും അധീര്‍ രഞ്ജന്‍ ചൗധരിയോട് അതൃപ്തി അറിയിച്ചു.

അതേസമയം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നു അധീര്‍ രഞ്ജന്‍ ചൗധരി പീന്നീട് പ്രതികരിച്ചു. 1948 മുതല്‍ ജമ്മുകശ്മീര്‍ വിഷയം യുഎനിൻറെ നിരീക്ഷണത്തിലുള്ളതാണെന്നും ഇന്ന് ജമ്മുകശ്മീരിന്റെ സ്ഥിതി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ വിഭജിച്ച കേന്ദ്ര നീക്കത്തെ രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിച്ചു. ജമ്മു കശ്മീരിനെ ഏകപക്ഷീയമായി കീറിമുറിച്ചതു കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തടവിലാക്കിക്കൊണ്ടും രാജ്യത്ത് ഐക്യമുണ്ടാകില്ലെന്നും ഇന്ത്യ നിര്‍മിച്ചിരിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്, ഭൂമിയല്ല. സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം ദേശസുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.



Recent Post


Related News


National Vision News