National Vision News
 

ട്രംപിന്റെ സന്ദര്‍ശനവുമായി മതില്‍ നിര്‍മ്മാണത്തെ ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളിലേ സത്യങ്ങൾ

National Vision News 02:08 PM National News

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം 24ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അഹമ്മദാബാദിലെ ചേരികള്‍ മറക്കാന്‍ മതില്‍ പണിയുന്നു എന്ന വാര്‍ത്തകളാണ് വലിയ രീതിയില്‍ പ്രചരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ എന്‍സിപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍ 'ദാരിദ്ര്യം മറയ്ക്കാന്‍' മതില്‍ പണിയുന്നുവെന്ന വാദം എത്രത്തോളം ശരിയാണ്?

ട്രംപിന്റെ സന്ദര്‍ശനവുമായി മതില്‍ നിര്‍മ്മാണത്തെ ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ വന്നതോടെ നിരവധി ദേശീയ മാദ്ധ്യമങ്ങള്‍ ഈ പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ചേരികളെ ട്രംപിന്റെ കാഴ്ചയില്‍ നിന്ന് മറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മതില്‍ പണിയുന്നത് എന്ന വാര്‍ത്ത ശരിയല്ലെന്ന് വിവിധ മാദ്ധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 7 അടി ഉയരമുള്ള മതില്‍ പണിയുന്നു എന്നാണ് പ്രത്യേക താത്പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും മതിലിന് 4 അടി മാത്രം ഉയരമേയുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 50-60 വര്‍ഷമായി അനധികൃത കയ്യേറ്റം നടക്കുന്ന പ്രദേശമാണ് സരാനി ആവാസ്. കഴിഞ്ഞ 2-3 വര്‍ഷത്തിനിടയില്‍ ഇവിടെ അനധികൃത നിര്‍മാണങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ പ്രദേശത്താണ് മതിലിന്റെ പണി പുരോഗമിക്കുന്നത്. അനധികൃത നിര്‍മ്മാണങ്ങളുടെ പശ്ചാത്തലത്തിലാണ് യഥാര്‍ത്ഥത്തില്‍ മതില്‍ നിര്‍മ്മിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അഹമ്മദാബാദ് സന്ദര്‍ശിക്കാന്‍ പോകുന്നതിന് മുന്‍പുതന്നെ ഈ മതിലിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ട്രംപില്‍ നിന്ന് ഇവിടെയുള്ള ചേരികളെ മറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മതില്‍ പണിയുന്നതെന്ന് വ്യാജ വാര്‍ത്തകള്‍ മലയാള മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായ വിജയ് നെഹ്റയാണ് മതില്‍ പണിയാനുള്ള ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെക്കുറിച്ച് ഒരു പ്രാദേശിക പത്രം വ്യാജ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായി വിജയ് നെഹ്‌റ പറയുന്നു. ട്രംപിന്റെ ഇന്ത്യാ പര്യടനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമാകുന്നതിന് വളരെ മുന്‍പുതന്നെ മതില്‍ പണിയാനുള്ള തീരുമാനം എടുത്തിരുന്നെന്നും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് സ്ഥിരീകരണമായപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് യാദൃശ്ചികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനവും മതില്‍ നിര്‍മ്മാണവും തമ്മില്‍ ബന്ധിപ്പിച്ച് നിരവധി വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Recent Post


Related News


National Vision News