National Vision News
 

ഉദ്ഘാടന വേദിയില്‍ വെച്ച് അവതാരകയെ പരസ്യമായി അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി അവതാരക സനിത മനോഹര്‍ രംഗത്ത്.

National Vision News 11:55 AM Local News

തിരുവനന്തപുരം : ഉദ്ഘാടന വേദിയില്‍ വെച്ച് അവതാരകയെ പരസ്യമായി അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി അവതാരക സനിത മനോഹര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അവതാരക സനിത മനോഹര്‍ പിണറായി വിജയനെതിരെ രംഗത്ത് വന്നിരിക്കുന്നത്. തെറ്റുകള്‍ സംഭവിക്കാം, എന്നാല്‍ ആത്മാഭിമാനത്തെ മുറിപ്പെടുത്തിക്കൊണ്ടല്ല അത് തിരുത്തേണ്ടത്. അവതാരക ഒരു അവതാരമല്ല മനുഷ്യനാണെന്നും സനിത പറയുന്നു

താനുള്‍പ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി സ്ത്രീകളായ അവതാരകരെ പൊതു വേദിയില്‍ വെച്ച് അപമാനിക്കുന്നത്.  വര്‍ഷങ്ങളായി കാണുന്ന രീതിയാണ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുക എന്നത്. ഇത്തരം രീതിയോട് വിയോജിപ്പുണ്ടെങ്കില്‍ അത് നേരത്തെ സംഘാടകരെ അറിയിക്കണം. നിലവിളക്ക് ഒഴിവാക്കണം. ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ആയതുകൊണ്ട് കൊളുത്തുമ്പോള്‍ എഴുന്നേല്‍ക്കണമെന്നേ മറ്റ് അവതാരകരെ പോലെ ആ അവതാരകയും പറഞ്ഞുള്ളൂ എന്നും സനിത വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ കോഴിക്കോട് ടാഗോറില്‍ നടന്ന അവാര്‍ഡ് ദാന പരിപാടിയില്‍ മുഖ്യമന്ത്രി തന്നെയും അപമാനിച്ചിട്ടുണ്ട്. സാധാരണയായി രണ്ട് വരി വിശേഷണം ചേര്‍ത്താണ് വ്യക്തികളെ വേദിയിലേക്ക് ക്ഷണിക്കാറുള്ളത്. എന്നാല്‍ പരിപാടിയില്‍ താന്‍ പറഞ്ഞ് മുഴുവിപ്പിക്കും മുന്‍പ് മൈക്കിനടുത്തോട്ട് വന്ന് മാറി നില്‍ക്കാന്‍ ആക്രോശിച്ചു. പിന്നീട് മൈക്ക് പിടിച്ചുവാങ്ങി പ്രസംഗം തുടങ്ങിയെന്നും സനിത പറഞ്ഞു.

സംഘാടകരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് അവതാരക വേദിയില്‍ പെരുമാറുക. താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് മുഖ്യമന്ത്രിക്കോ ക്ഷണിക്കപ്പെടുന്ന വ്യക്തികള്‍ക്കോ നിലപാടുണ്ടെങ്കില്‍ സംഘാടകരെ അറിയിച്ചിരിക്കണം. അത് അനുസരിച്ച് അവതാരക വേദിയില്‍ പെരുമാറും. രാഷ്ട്രീയകാഴ്ചയ്ക്കല്ലാതെ യഥാര്‍ത്ഥത്തിലുള്ള സ്ത്രീ ബഹുമാനം ഉണ്ടെങ്കില്‍ ചെയ്യേണ്ടത് അതാണ് അല്ലാതെ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത് . ചെറുതായാലും വലുതായാലും അഭിമാനം എല്ലാവര്‍ക്കുമുണ്ടെന്നും സനിത ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി അവതാരകയെ അപമാനിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കുകൊളുത്തതിനിടെ എഴുന്നേറ്റു നില്‍ക്കാന്‍ സദസ്യരോട് അവതാരക ആവശ്യപ്പെട്ടു. എന്നാല്‍ അനാവശ്യ അനൗണ്‍സ്‌മെന്റ് ഒന്നും വേണ്ടെന്ന് അവതാരികയോട് ആക്രോശിക്കുകയായിരുന്നു മുഖ്യമന്ത്രി

Recent Post

National Vision News