National Vision News
 

നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും

National Vision News 11:23 AM Local News

പത്തനംതിട്ട: നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. തുടര്‍ന്ന് ഉപദേവതകളുടെ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിക്കും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്ന ശേഷമായിരിക്കും ഭക്തരെ ദര്‍ശനത്തിനായി അനുവദിക്കുക. നിറപ്പുത്തരി പൂജയ്ക്കുള്ള നെല്‍ കറ്റകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ അച്ചന്‍കോവിലിനു സമീപമുള്ള വയലില്‍ നിന്നാണ് കൊണ്ടുവരിക. ആചാര പൂര്‍വ്വം ഘോഷയാത്രയായിട്ടാണ് നെല്‍ക്കറ്റകള്‍ ശബരിമലയില്‍ എത്തിക്കുക.

നിറപുത്തരിക്കുള്ള നെല്‍ക്കതിരുകളുമായി കൊല്ലങ്കോട്ട് നിന്നും 70 അംഗ അയ്യപ്പഭക്തസംഘം പുറപ്പെട്ടിട്ടുണ്ട്. ശബരിമല മുന്‍ മേല്‍ശാന്തി എസ്. ഇ ശങ്കരന്‍ നമ്പൂതിരിയും അയ്യപ്പ സോവാസംഘം പ്രവര്‍ത്തകരുമാണ് നിറപുത്തരിക്കായി കതിര്‍ക്കറ്റകള്‍ കൊയ്തെടുത്തത്. ഗുരുവായൂരിലെത്തി അവിടെ നിറപുത്തരിക്കുള്ള കറ്റകള്‍ സമര്‍പ്പിച്ച് പാമ്പുമേക്കാട്, മലയാലപ്പുഴ ഭഗവതി ക്ഷേത്രം, എരുമേലി ശ്രീധര്‍മ്മക്ഷേത്രം, പമ്പാഗണപതി ക്ഷേത്രം, എന്നിവിടങ്ങളിലൂടെ ശബരിമലയിലും മാളികപ്പുറത്തും എത്തിക്കും. രാത്രിയോടെ അയ്യപ്പസന്നിധിയിലെത്തിക്കുന്ന നെല്‍ക്കറ്റകള്‍ മേല്‍ശാന്തി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് പൂജകള്‍ക്കായി കൊണ്ടു പോകും.


Recent Post

National Vision News